കയ്യൂന്നാനിക്കര എന്ന ഗ്രാമം, പ്രകൃതി കനിഞ്ഞനുഗ്രഹിച്ച പച്ചപ്പു പുതച്ച നെല്പ്പാടങ്ങളോ, കുഞ്ഞരുവികള്‍ കളകളം പാടുന്ന പ്രകൃതിരമണീയമായ സ്ഥലമൊ ഒന്നുമല്ലായിരുന്നു ആ ഗ്രാമം. എവിടെ തിരിഞ്ഞു നോക്കിയാലും കുട്ടിപ്പാവാടയുമുടുത്ത് നിരനിരയായി നില്ക്കുന്ന റബ്ബര്‍ മരങ്ങള്‍, ഇടക്കിടക്കു പ്ലാവ്, മാവ്, എന്നു വേണ്ട കണ്ട കണ്ടകടച്ചാണി എല്ലാമുള്ള, കുരുമുളകു വള്ളികള്‍ പടര്‍ന്നു പന്തലിച്ച ഗ്രാമം, ഞായറാഴ്ചകളില്‍ പള്ളിയിലേക്കു പോകുന്ന, കൃസ്ത്യാനി പെണ്‍കുട്ടികളും, അമ്പലത്തില്‍ പോകുന്ന ഹിന്ദു പെണ്‍കുട്ടികളും, ഗ്രാമത്തിന്റെ ഭംഗിയും വിശുദ്ധിയും കൂട്ടിയിരുന്നു.
പക്ഷേ ഈ വിശുദ്ധിയും നൈര്‍മല്യവുമൊക്കെ, വൈകുന്നേരം, അതായതു, സൂര്യന് പടിഞ്ഞാറേ ചക്രവാളത്തില്‍ ഒളിസേവക്കു പോകാന്‍ തുടങ്ങുന്നതു വരെ മാത്രമേ നിലനില്‍ക്കൂ, പിന്നെ പതിയെ കയ്യൂന്നാനിയിലെ കിരീടം വയ്ക്കാത്ത രാജാക്കന്മാരിറങ്ങുകയായി, ശാന്തമ്മച്ചേടത്തിയുടെ വാറ്റുപുരക്കു ജീവന് വയ്ക്കാന്‍ തുടങ്ങുന്നതും ഏതാണ്ടൊരേ സമയത്താണ്, ശാന്തമ്മച്ചേച്ചിയുടെ കയ്യില്‍ നിന്നും രാജാക്കന്മാരോരോരുത്തരും തങ്ങള്‍ക്കു ചേരുന്ന പടയാളികളെ വാങ്ങി അകത്താക്കി കഴിഞ്ഞാല്‍ പിന്നെ, അങ്കം തുടങ്ങുന്നു. പിന്നെ നേരം വെളുക്കുന്നതു വരെ അവരുടെ രാജ്യമാണു കയ്യുന്നാനി.
ഇവിടുത്തെ രാജാക്കന്മാരില് പ്രധാനികള്‍ ആണ്, വീരപ്പന് സാബു, കോഴി രാജു, കീരി അന്തപ്പേട്ടന്,മുതലായവര്‍.
വീരപ്പനേപോലെ മീശ ഉണ്ടായിട്ടോ, ആളു വലിയ ധൈര്യശാലി ആയിട്ടോ, വെടി വയ്ക്കാന്‍ അറിയാമായീട്ടോ അല്ല സാബുവിനു വീരപ്പന് എന്നു പേരു വീണത്, പോലീസ് എന്ന് എഴുതി കാണിച്ചാല്‍ പിന്നെ സാബുവീനെ ഏതെങ്കിലും കുറ്റിക്കാട്ടില്നോക്കിയാല് മതി എന്നുള്ള സത്യം ജനങ്ങള്‍ മനസിലാക്കീയതിന്റെ ബാക്കിപത്രമായി വീണു കിട്ടിയതാണാ പേര്,
കോഴിക്കള്ളനായതോ, കോഴിയിറച്ചിയോടുള്ള കൊതി കൊണ്ടോ, പൂവന് കോഴിയുടെ സ്വഭാവമായത് കൊണ്ടോ അല്ല രാജുവിനു കോഴി എന്ന വട്ടപ്പേരു കിട്ടിയത്, രാജുവിന്റെ അച്ഛന്, അതയതു ഫാദര്‍ ഓഫ് ദി രാജു, ആയ കാലത്തു സ്ഥലത്തെ പ്രധാന കോഴി മോഷ്ടാവും, കോഴിയിറച്ചി പ്രാന്തനും, സര്‍വ്വോപരി അസ്സല് പൂവങ്കോഴിയും ആയിരുന്നതിനാല്‍ നാട്ടുകാര്‍ ചാര്‍ത്തിക്കൊടുത്ത പേര്, പാരമ്പര്യമായി പതിച്ചു കിട്ടിയതായിരുന്നു, പാരമ്പര്യമായിട്ടു പത്തു പൈസയും നല്ല പേരും കിട്ടിയില്ലെങ്കിലും, കിട്ടിയ മുതലുകൊണ്ട് അദ്ധ്വാനിച്ചു ജീവിക്കാന്‍ രാജു തീരുമാനിച്ചത് കൊണ്ട് പേരു പോയിക്കിട്ടിയില്ല എന്നു മാത്രമല്ല നാട്ടുകാരുടെ കോഴികള്‍ പലതും പോയിക്കിട്ടുകയും ചെയ്തു.
ആന്റപ്പന് എന്ന അച്ഛനിട്ട പേര് കേട്ടാല്‍ ഒരു ഗുണ്ട ലുക്കു തോന്നില്ല എന്നു കരുതിയിട്ടാണോ, അതോ പേരിലെങ്കിലും ത്തനിക്കൊരു ഗുണ്ട ലുക്ക് ഇരിക്കട്ടെ എന്നു കരുതിയാണോ, എന്തായാലും, തനിക്കൊരു വട്ടപ്പേരിടാന്‍ സ്വന്തം നാട്ടുകാര്‍ക്ക് ഒരവസരവും നല്‍കാതെ സ്വയം പേരിട്ട മഹാനാണു കീരി അന്തപ്പേട്ടന്, സ്ഥലത്തെ ഏക ഗുണ്ട, തന്നേക്കാള്‍ വലിയ ഗുണ്ടിയെ തന്നെ ഗുണ്ടിണിയായി കിട്ടിയതു തന്റെ ഭാഗ്യമെന്നു അന്തപ്പന് ചേട്ടനും, തങ്ങളുടെ ഭാഗ്യമെന്ന്, നാട്ടുകാരും ഒരേ മനസോടെ ചിന്തിച്ചു പോന്നു.
സ്വഭാവത്തില്‍ തികച്ചും വ്യത്യസ്ഥരെങ്കിലും ത്രീ ഇഡിയറ്റ്സിലെ നായകന്മാരേപ്പോലെ എന്തുകാര്യത്തിനും ഒറ്റക്കെട്ടായിരുനു മൂന്നു പേരും അതിപ്പോ, ശാന്തമ്മേടത്തീടെ വാറ്റടിക്കാനായലും, ഔസേപ്പു ചേട്ടന്റെ മോളു ലീനാമ്മയുടെ തെറി കേള്‍ക്കാനായാലും (ആ കഥ പുറകേ വരുന്നതായിരിക്കും) പഞ്ചപാണ്ഡവരേപ്പോലെ ഇവരു മൂന്നുപേരും ഒറ്റക്കെട്ടായിരിക്കും.
ഈ രാജാക്കന്മാര് വാണരുളുന്ന, രാജ്യത്താണ്, കള്ള കര്‍ക്കിടകത്തിലെ കറുത്തവാവിന് രാവില്‍, അര്‍ദ്ധരാത്രിയോടടുപ്പിച്ച് ഒരു സാദാ പ്രജയായി ഈയുള്ളവനും പിറന്നു വീണത്, നല്ല മഴയുള്ള ദിവസമായിരുന്നതു കൊണ്ടാണോ അതോ അന്നത്തെ ശാന്തമ്മേടത്തി സ്പെഷ്യലിന്റെ കടുപ്പം കൂടിയതു കൊണ്ടോ, ഇവന് തങ്ങള്‍ക്കു ഭീഷണിയാവും എന്ന അശരീരി ഈ മൂന്നു പേരും കേള്‍ക്കാതെ പോയതിനാല്‍, ഈ ജനിച്ച് വീണ ചെറുക്കന് തങ്ങളുടേ കിരീടാവകാശത്തിന് എല്ലായ്പ്പോഴും ഒരു വെല്ലുവിളി ആയിത്തീരുമെന്നവരറിയാതെ പോയി.
അങ്ങനെ അങ്കം തുടങ്ങുകയായി, മാറ്റച്ചുരിക നല്കുവാന് അതേ കാലയളവില്‍ പിറന്ന മറ്റു ചേകവന്മാരുടേ കൂട്ടും തേടി, ഈയുള്ളവന്റെ യാത്ര തുടങ്ങട്ടെ, എന്റെ ബ്ലോഗുലക പരമ്പര ദൈവങ്ങളേ, അടിയനെ കാത്തോളണേ .....................................................
ഇതൊരു കഥയല്ല, എന്റെ ബ്ലോഗിനു ഞാനൊരു ആമുഖം കൊടുത്തതാണ്, ഇത് തുടരണോ വേണ്ടയോ എന്നത് നിങ്ങളുടേ അഭിപ്രായം അനുസരിച്ചിരിക്കും, എങ്ങനാ തുടരണോ ???
മറുപടിഇല്ലാതാക്കൂബൂലോകത്തേക്ക് സ്വാഗതം സുഹൃത്തേ!!
മറുപടിഇല്ലാതാക്കൂചാവേര് ആണല്ലേ ?
മറുപടിഇല്ലാതാക്കൂസ്വാഗതം സുഹൃത്തേ!
മറുപടിഇല്ലാതാക്കൂആ മുന്നിൽ നിൽക്കുന്നവരൊക്കെ ഒന്ന് ഒതുങി നിന്നേ..:)
എഴുത്ത് നന്നായിട്ടുണ്ട്. വീണ്ടും എഴുതൂ ഞങൾ വായിക്കും.
കൈയക്ഷരം ഒക്കെ നന്നാക്കിയല്ലേ
മറുപടിഇല്ലാതാക്കൂ